സ്വപ്നയുടെ വീട്ടില്‍ മന്ത്രി കടകംപള്ളി പോയിട്ടുണ്ടെന്നു സന്ദീപ് വാര്യർ
Wednesday, September 23, 2020 11:56 PM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വീട്ടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പലതവണ പോയിട്ടുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്നയും കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ബന്ധത്തെപ്പറ്റി അന്വേഷണം വേണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.
സ്വപ്നയിൽനിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളില്‍ കടകംപള്ളിയെപ്പറ്റിയുള്ള വിവരങ്ങളുണ്ട്. സ്വപ്നയുടെ വീട്ടില്‍ മന്ത്രി പോയതിന്റെ തെളിവുകള്‍ തന്റെ പക്കലുമുണ്ട്. മന്ത്രി സ്വപ്നയുടെ വീട്ടില്പോയിട്ടില്ലെങ്കില് അത് നിഷേധിക്കട്ടെ എന്നും സന്ദീപ് വാര്യര്‍ കൊച്ചിയില്‍ പറഞ്ഞു.
നേരത്തേ മുഖ്യമന്ത്രിയുടെ മകൾക്കെതിരെയും സന്ദീപ് ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റില്‍ ഫര്‍ണിച്ചറുകള്‍ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്നായിരുന്നു ആരോപണം.