കോവിഡ്: കോഴിക്കോട് കോർപറേഷനിൽ കർശന നിയന്ത്രണം
Monday, September 28, 2020 12:45 AM IST
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് കോർപറേഷൻ പരിധിയിൽ ലോക്ക്ഡൗൺ ഇളവുകൾ വെട്ടിച്ചുരുക്കി നിയന്ത്രണം കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.
14 ദിവസത്തേക്കാണ് നിയന്ത്രണം. പൊതുപരിപാടിയിൽ അഞ്ചുപേരിൽ കൂടാൻ പാടില്ല. വിവാഹ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കാകും അനുമതി. പങ്കെടുക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. കണ്ടെയ്ൻമെന്റ് സോൺ പരിധിയിൽനിന്ന് പുറത്തുപോവുന്നത് കർശനമായി തടയും.
ആരാധനാലയങ്ങളിൽ 50 പേർക്ക് മാത്രമാകും പ്രവേശനം. ജിം, ഫുട്ബാൾ ടർഫ്, സ്വിമ്മിംഗ് പൂൾ, ഓഡിറ്റോറിയം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ തുറക്കാൻ പാടില്ല. മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, തുറമുഖങ്ങൾ എന്നിവ നിയന്ത്രിത മേഖലകളാക്കി. ആറടി സാമൂഹിക അകലം കർശനമാക്കി. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആളുകൾ കൂടുതൽ എത്തുന്ന ഇടങ്ങളിൽ മുതിർന്ന പോലീസ് ഓഫീസർമാരും ദ്രുതകർമസേനയും ഉണ്ടാവും.