വാഹനാപകടത്തിൽ നേവൽ ബേസ് ജീവനക്കാരി മരിച്ചു
Thursday, October 22, 2020 11:04 PM IST
തുറവൂർ: ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിനു മുൻവശം സ്കൂട്ടറിനു പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ചരക്കു ലോറിക്കടിയിൽപ്പെട്ടു നേവൽ ബേസ് ജീവനക്കാരി തൽക്ഷണം മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിമുക്തഭടൻ ചേർത്തല കളവംകോടം കരിയിൽ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ ഗീത (53)യാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം.
എറണാകുളത്ത് വർക്ഷോപ്പ് നടത്തുന്ന ബന്ധുവിന്റെ സ്കൂട്ടറിൽ ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. എരമല്ലൂർ കണ്ണുകുളങ്ങരയിൽ എത്തിയപ്പോൾ സ്കൂട്ടറിന്റെ ഗ്ലാസിൽ അരി ലോഡുമായി പോകുകയായിരുന്ന ലോറി തട്ടി. ഇതേ തുടർന്ന് സ്കൂട്ടർ മറിയുകയും ബൈക്കോടിച്ചയാൾ റോഡരികിലേക്കും പിന്നിലിരിക്കുകയായിരുന്ന ഗീത ലോറിയ്ക്കടിയിലേക്കും വീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അരൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ബിനോയ്, ബിനു.