ക്രൈസ്തവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണം: മാർ ഇഞ്ചനാനിയിൽ
Tuesday, October 27, 2020 1:15 AM IST
കൂടരഞ്ഞി: താമരശേരി രൂപതയിലെ കക്കാടംപൊയിലിൽ വിനോദ സഞ്ചാരത്തിന്റെ മറവിൽ കുരിശുമലയിൽ സ്ഥാപിച്ചിരുന്ന കുരിശിന് മുകളിൽ യുവാക്കൾ കയറി നിൽക്കുകയും കുരിശിനെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കാവൽ സമരം നടത്തി കെസിവൈഎം.
ഇന്നലെ കക്കാടംപൊയിലിൽ നടന്ന കാവൽ സമരം താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ഇന്നുവരെ സത്യവിശ്വാസം കാത്തുസൂക്ഷിക്കുവാൻ ക്രൈസ്തവർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ തലമുറയും വിശ്വാസത്തെ സംരക്ഷിക്കുമെന്ന് മാർ ഇഞ്ചനാനിയിൽ പറഞ്ഞു.
ഈ കാലഘട്ടത്തിൽ ക്രൈസ്തവരെ സംരക്ഷിക്കുന്ന നിലപാടുകൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കക്കാടംപൊയിൽ ഇടവക വികാരി ഫാ. സുധീപ് കിഴക്കരക്കാട്ട്, താമരശേരി രൂപത ചാൻസലർ ഫാ. ബെന്നി മുണ്ടനാട്ട്, കെസിവൈഎം താമരശേരി രൂപത ഡയറക്ടർ ഫാ. മെൽബിൻ വെള്ളക്കാംകുടി, ഫാ. ജേക്കബ് കപ്പലുമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.