കനാലിൽ വീണ് മുത്തശിയും പിഞ്ചുകുഞ്ഞും മരിച്ചു
Monday, November 23, 2020 11:58 PM IST
പാലക്കാട്: കനാലിൽ വീണ് മുത്തശിയും ഏഴുമാസം പ്രായമായ പേരക്കുട്ടിയും മരിച്ചു. അകത്തേത്തറ ശാസ്താനഗർ ചെക്കിനിപ്പാടം മധുസൂദനന്റെ ഭാര്യ ലളിത (52), ഇവരുടെ മകൾ മഞ്ജുവിന്റെ ഏഴുമാസം പ്രായമായ മകൾ ദക്ഷ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
കുട്ടിയെ എടുത്ത് മലമ്പുഴ വലതുകനാൽ സൈഡിൽ പാൽക്കാരനെ കാത്തുനിൽക്കുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്നു കരുതുന്നു. ഈ സമയത്തു മകൾ മഞ്ജു ബാങ്കിൽ പോയിരിക്കുകയായിരുന്നു. ലളിതയുടെ മൃതദേഹം കനാലിലൂടെ ഒഴുകിവരുന്നതു നാട്ടുകാരാണ് കണ്ടെത്തിയത്. വീട്ടിൽനിന്ന് അര കിലോമീറ്ററോളം താഴെയാണ് ലളിതയുടെ മൃതദേഹം കണ്ടത്. വീണതിനു തൊട്ടടുത്തുതന്നെയാണ് കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയത്.
കൃഷി ആവശ്യത്തിനായി മലമ്പുഴ ഡാം തുറന്നിരുന്നതിനാൽ കനാൽ നിറയെ വെള്ളമുണ്ടായിരുന്നു. കനാൽ അടച്ചതിനുശേഷമാണ് പരിശോധന നടത്തിയത്. ലളിതയുടെ ഭർത്താവ് മധുസൂദനൻ കോഴിക്കോട്ട് കാർപ്പെന്റർ ജോലി ചെയ്യുകയാണ്. ദക്ഷയുടെ അച്ഛൻ സതീഷ് ദേവ് ചെന്നൈയിൽ ഫോട്ടോഗ്രാഫറാണ്. ഇവർക്ക് അഞ്ചുവയസുള്ള ധ്രുവ് ദേവ് എന്ന മകൻ കൂടിയുണ്ട്. ഇവർ രണ്ടുമാസം മുമ്പാണ് ശാസ്താനഗറിലെ വീട്ടിൽ താമസത്തിനായി വന്നത്.