സർവകലാശാലകൾക്കുള്ളിൽ ഓട്ടോണമസ് ഇന്റർ യൂണിവേഴ്സിറ്റി സെന്ററുകൾ
Saturday, January 16, 2021 1:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾക്കുള്ളിൽ 30 ഓട്ടോണമസ് ഇന്റർ യൂണിവേഴ്സിറ്റി സെന്ററുകളും സ്കൂളുകളും സ്ഥാപിക്കുമെന്നും ഏറ്റവും പ്രഗത്ഭരായ വിദഗ്ധരെ സെർച്ച് കമ്മിറ്റി വഴി ദേശീയതലത്തിൽ നിന്ന് തെരഞ്ഞെടുത്തതിനു ശേഷം ഈ സ്ഥാപനങ്ങളിലേക്ക് നിയമിക്കുമെന്നു ധനകാര്യമന്ത്രി.
ഈ പ്രഗത്ഭമേധാവികളുടെ കൂടി സജീവ പങ്കാളിത്തത്തിലായിരിക്കും സ്കൂളുകൾ രൂപാന്തരപ്പെടുക. ഇത്തരം സ്ഥാപനങ്ങൾ കേരളത്തിലെ ശാസ്ത്ര പ്രതിഭകളായ എം.ജി.കെ. മേനോൻ, ഇ.സി.ജി. സുദർശൻ, ഇ.കെ. അയ്യങ്കാർ, ബി.സി. ശേഖർ, ജി.എൻ. രാമചന്ദ്രൻ, അന്നാമാണി, പി.കെ. മേനോൻ, ആർ.എസ്. കൃഷ്ണൻ, പി.ആർ. പിഷാരടി, ഇ.കെ. ജാനകിയമ്മാൾ, കെ.ആർ. രാമനാഥൻ, ഗോപിനാഥ് കർത്ത, എം.കെ. വൈനു ബാപ്പു തുടങ്ങിയവരുടെയും ദേശീയതലത്തിലെ ശാസ്ത്രപ്രതിഭകളുടെയും പേരിലായിരിക്കും അറിയപ്പെടുക. നിലവിലുള്ള യൂണിവേഴ്സിറ്റി സ്കൂളുകൾ, ഡിപ്പാർട്ട്മെന്റുകൾ, സെന്ററുകൾ എന്നിവയുടെ മികവ് പരിശോധിച്ച് അവയെ പുതിയ മികവിന്റെ കേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്താവുന്നതാണ്. കേരളത്തിന്റെ വിവിധ മേഖലകളുടെ വികസന ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ സഹായത്തോടെ കെ-ഡിസ്കായിരിക്കും ഇതു സംബന്ധിച്ച തീരുമാനമെടുക്കുക.
ഈ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു പ്രത്യേക ധനസഹായമായി 100 കോടി രൂപ വകയിരുത്തി. പശ്ചാത്തല സൗകര്യവികസനത്തിന് കിഫ്ബിയിൽ നിന്ന് 500 കോടി രൂപയും അനുവദിച്ചു.