ശന്പള പരിഷ്കരണം: മെഡിക്കൽ കോളജ് അധ്യാപകർ പ്രക്ഷോഭത്തിലേക്ക്
Sunday, January 17, 2021 12:21 AM IST
കോട്ടയം: ശന്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കണമെന്ന നിരന്തരമായ അഭ്യർഥനയെ ഗൗനിക്കാത്ത സർക്കാർ നടപടിക്കെതിരേ സംസ്ഥാനത്തെ മെഡിക്കൽ കോളജ് അധ്യാപകർ പ്രക്ഷോഭത്തിലേക്ക്.
2016ൽ നടപ്പിലാവേണ്ട മെഡിക്കൽ അധ്യാപകരുടെ ശന്പള പരിഷ്കരണ ഉത്തരവ് 2020ലാണ് നടപ്പിലാക്കുവാൻ ഉത്തരവിറങ്ങിയതെന്നും അതിൽ ഒട്ടേറെ അപാകതകളുണ്ടെന്നും കേരള പോസ്റ്റുഗ്രാജുവേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ ( കെ ജി പി എം ടി എ) ഭാരവാഹികൾ അറിയിച്ചു. സീനിയോരിറ്റി പട്ടിക തയാറാക്കി സ്ഥാനക്കയറ്റം നല്കുവാനും സർക്കാർ തയാറായിട്ടില്ല.
ആരോഗ്യരംഗത്ത് സ്തുത്യർഹമായ സേവനം ചെയ്യുന്ന മെഡിക്കൽ കോളജ് അധ്യാപകരോടുള്ള വിവേചനം സർക്കാർ അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. തങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ സത്വര നടപടിയുണ്ടായില്ലെങ്കിൽ 20 മുതൽ സമരപരിപാടികളുമായ് മുന്നോട്ടു നീങ്ങുമെന്നും കെ ജി പി എം ടി എ സംസ്ഥാന സെക്രട്ടറി ഡോ. ജി. ജെജി അറിയിച്ചു.