കാട്ടുപന്നികളെ കർഷകർക്കും വെടിവച്ചുകൊല്ലാം: വനംമന്ത്രി
Tuesday, January 19, 2021 12:08 AM IST
തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവച്ചു കൊല്ലാമെങ്കിലും വിഷപ്രയോഗത്തിലൂടെയും ഷോക്കടിപ്പിച്ചും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചും കൊല്ലാൻ പാടില്ലെന്നു മന്ത്രി കെ.രാജു നിയമസഭയിൽ പറഞ്ഞു.
മറ്റു മൃഗങ്ങൾ കുടുങ്ങാൻ ഇടയുള്ളതിനാൽ വനത്തിന്റെ രണ്ടു കിലോമീറ്റർ പരിധിയിൽ കുടുക്കിട്ടു പിടിക്കാൻ പാടില്ല. ഉദ്യോഗസ്ഥർക്കൊപ്പം കർഷകർക്കും വെടിവച്ചു കൊല്ലാൻ അനുമതിയുണ്ട്.
കാട്ടുപന്നിശല്യം സംബന്ധിച്ച പരാതികൾ 24 മണിക്കൂറിനുള്ളിൽ പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതിനായി ഓരോ വനം ഡിവിഷനിലും ദൗത്യസേനയുണ്ടാക്കും. മനുഷ്യർക്കും സ്വത്തിനും നാശമുണ്ടാക്കിയ 91 പന്നികളെ ഇതുവരെ വെടിവച്ചു കൊന്നു.
ആറുമാസത്തേക്കു കൂടി വെടിവയ്ക്കാനുള്ള അനുമതി നീട്ടി ഉത്തരവിറക്കിയിട്ടുണ്ടെന്നും രാജു ഏബ്രഹാമിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.