സംസ്ഥാനത്തെ തോട്ടവിള നയം മന്ത്രിസഭ അംഗീകരിച്ചു
Thursday, January 21, 2021 12:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖല അഭിവൃദ്ധിപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന പ്ലാന്റേഷൻ പോളിസിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു.
അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. തോട്ടം തൊഴിലാളികൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഏർപ്പെടുത്തും. തൊഴിലാളികൾക്ക് ലൈഫ് മിഷനിലൂടെ വീടുകൾ നൽകും. സർക്കാർ നിയന്ത്രണത്തിലുള്ള തോട്ടങ്ങൾ ലാഭകരമാക്കും. തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് കർമപദ്ധതി നടപ്പാക്കും.
തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് കൃഷ്ണൻ നായർ കമ്മീഷന്റെ ശിപാർശകൾ കൂടി പരിഗണിച്ചാണ് തോട്ടവിള നയത്തിന് രൂപം നൽകിയത്.
സംസ്ഥാനത്ത് അഞ്ച് പുതിയ സർക്കാർ ഐടിഐകൾ സ്ഥാപിക്കും. കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ, പോരുവഴി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, കരുണാപുരം, മലപ്പുറം ജില്ലയിലെ വാഴക്കാട് എന്നിവിടങ്ങളിലായിരിക്കും ഐടിഐകൾ സ്ഥാപിക്കുക. ഇതിനാവശ്യമായ 50 തസ്തികകൾ സൃഷ്ടിക്കും.