മകളെ നഴ്സിംഗ് സ്കൂളിൽ ചേർത്ത് മടങ്ങിയ പിതാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ
Thursday, January 21, 2021 11:50 PM IST
എടത്വാ: മകളെ കർണാടക നഴ്സിംഗ് സ്കൂളിൽ ചേർത്ത് മടങ്ങിയ പിതാവിന്റെ മൃതദേഹം തമിഴ്നാട് വേളൂർ റെയിൽവേ ട്രാക്കിൽ കണ്ടെത്തി. നീരേറ്റുപുറം കാരിക്കുഴി കുറവുംപറന്പിൽ സുരേഷിന്റെ (48) മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഇളയമകൾ സുധിമോളെ കർണാടക ഹോസ്കോട്ട ശ്രീലക്ഷ്മി നഴ്സിംഗ് സ്കൂളിൽ ചേർത്ത ശേഷം ഭാര്യ ആനിയുമായി ബുധനാഴ്ച വൈകിട്ട് ബംഗളൂരുആർ.കെ പുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മടങ്ങുംവഴിയാണ് സംഭവം.
രാത്രി ഇരുവരും ഉറങ്ങാൻ കിടന്നെങ്കിലും ഇടയ്ക്ക് ഉണർന്ന ആനി സുരേഷിനെ കണ്ടില്ല. ബാത്ത്റൂമിൽ പോയതാണെന്ന് കരുതി നോക്കിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കൂടെയുള്ളവരെ വിളിച്ചുണർത്തി ട്രയിനിൽ അന്വഷിച്ചു.
ട്രയിൻ തിരുവല്ല സ്റ്റേഷനിൽ എത്തിയശേഷം ആനിയും കൂടെയുണ്ടായിരുന്നവരും കോട്ടയം റെയിൽവേ പോലീസിൽ പരാതിപ്പെട്ടു. റെയിൽവേ പോലീസിന്റെ അന്വഷണത്തിൽ തമിഴ്നാട് വേളൂർ എന്ന സ്ഥലത്ത് റെയിൽവേ ട്രാക്കിൽ അജ്ഞാതമൃതദേഹം കണ്ടെന്ന് അറിഞ്ഞു. വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി സുരേഷിന്റെ മൃതദേഹമാണന്ന് സ്ഥിതീകരിച്ചു. അസ്വാഭാവിക മരണത്തിൽ റെയിവേ പോലീസ് അന്വഷണം ആരംഭിച്ചു.