കെഎഎസ് ചുരുക്കപ്പട്ടിക അടുത്തമാസം
Wednesday, February 24, 2021 11:50 PM IST
തിരുവനന്തപുരം: കെഎഎസ് പരീക്ഷയുടെ ചുരുക്കപ്പട്ടിക അടുത്തമാസം പ്രസിദ്ധീകരിക്കും. മൂന്നു സ്ട്രീമുകളിലായി 105 ഒഴിവുകളാണുള്ളത്. കെഎഎസ് മൂന്നു സ്ട്രീമുകളുടെയും മുഖ്യ പരീക്ഷ കഴിഞ്ഞ് മൂല്യനിർണയം പുരോഗമിക്കുകയാണ്.
പിഎസ്സി റാങ്കുപട്ടികകളുടെ വലിപ്പം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായി പിഎസ്സി ചെയർമാൻ അഡ്വ.എം.കെ.സക്കീർ പത്രസമ്മേളനത്തിൽ അറിയിച്ചു. പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉദ്യോഗാർഥികളുടെ എണ്ണം കുറയ്ക്കും. അഞ്ചിരട്ടിയിലധികം പേരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കും. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലെ എണ്ണമാണ് കുറയ്ക്കുന്നത്. പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വളരെയധികം വർധിച്ചതായും എന്നാൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എൽസി വരെ അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾ, പ്രസ്ടു, ഡിഗ്രി യോഗ്യതയുള്ള തസ്തികകൾ എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് പ്രഥമിക പരീക്ഷ നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2016 നവംബർ മുതൽ കഴിഞ്ഞ ഡിസംബർ വരെ പിഎസ്സി 1,35,287 നിയമന ശിപാർശകൾ നൽകിയതായും പിഎസ്സി ചെയർമാൻ പറഞ്ഞു.