രാഹുൽഗാന്ധിയുടെ പ്രസംഗം ബിജെപി ഏജന്റിന്റേതുപോലെ: സിപിഎം
Wednesday, February 24, 2021 11:50 PM IST
തിരുവനന്തപുരം : യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയുടെ സമാപന യോഗത്തിലെ രാഹുൽഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ റിക്രൂട്ട് ഏജന്റിന്റേതു പോലെയായിരുന്നുവെന്നു സിപിഎം. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തിൽ ബിജെപിക്കെതിരെ ദുർബലമായ വിമർശനം പോലും ഉന്നയിച്ചില്ല.
പകരം ഇടതുപക്ഷത്തെ കടന്നാക്രമിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനെപ്പറ്റി രാഹുൽഗാന്ധി നടത്തിയ ആക്ഷേപങ്ങൾ തരംതാണതായി പോയി. ഭരണസ്വാധീനം ഉപയോഗിച്ച് അനധികൃതമായി സന്പാദിച്ചുകൂട്ടിയ സ്വത്തിന്റെ പേരിൽ നിരന്തരം അന്വേഷണ ഏജൻസികളുടെ മുന്പിൽ നിൽക്കുന്ന വധേരയുടെ ചിത്രവും രാഹുൽ ഗാന്ധിയുടെ ഓർമയിലുണ്ടായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.