കേരള കോണ്ഗ്രസ്: ഇരുവിഭാഗത്തിന്റെയും അയോഗ്യതാ ഹർജികൾ നിലനിൽക്കുമെന്ന് ഉത്തരവ്
Friday, February 26, 2021 12:06 AM IST
തിരുവനന്തപുരം: വിപ്പ് ലംഘനം ചൂണ്ടിക്കാട്ടി കേരള കോണ്ഗ്രസ്- ജോസ് കെ.മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ നൽകിയ അയോഗ്യതാ ഹർജികൾ നിലനിൽക്കുന്നതാണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഉത്തരവ്. ഹർജികളിലുള്ള തുടർ വാദങ്ങൾ അടുത്ത മാസം നടക്കും. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കൂടുതൽ കേട്ട ശേഷമാകും തുടർ നടപടി. നേരത്തെ പലതവണ ഇരു വിഭാഗത്തിന്റെയും വാദം സ്പീക്കർ കേട്ടിരുന്നു.
ജോസഫ് നൽകിയ ഹർജി നിലനിൽക്കില്ലെന്ന ജോസ് വിഭാഗത്തിന്റെയും ജോസ് വിഭാഗത്തിന്റേതും നിലനിൽക്കില്ലെന്ന ജോസഫ് വിഭാഗത്തിന്റെയും വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇരുവരുടെയും ഹർജികൾ നിലനിൽക്കുന്നതാണെന്ന് സ്പീക്കർ വിധിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 24ന് ചേർന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിലും രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലും ജോസ് വിഭാഗം വിട്ടുനിന്നതിനെതിരെയാണ് ജോസഫ് വിഭാഗത്തിന്റെ ഹർജി. പാർട്ടി വിപ്പ് ലംഘിച്ചെന്നാണ് ആരോപണം. എന്നാൽ പാർട്ടിയുടെ നിയമസഭാ കക്ഷി വിപ്പ് റോഷി അഗസ്റ്റിനാണെന്നും പ്രമേയ ചർച്ചയിലും രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലും വിട്ടുനിൽക്കണമെന്ന് നിർദേശിച്ച് അദ്ദേഹം നൽകിയ വിപ്പ് ജോസഫും മോൻസ് ജോസഫും ലംഘിച്ചെന്നും കാട്ടിയാണ് ജോസ് വിഭാഗത്തിന്റെ അയോഗ്യതാ ഹർജി.