ടാങ്കർ ലോറിയുടെ കാബിനു തീപിടിച്ചു; വൻ അപകടം ഒഴിവായി
Saturday, February 27, 2021 12:41 AM IST
കടുത്തുരുത്തി: പെട്രോളുമായി പോകുകയായിരുന്ന ടാങ്കർ ലോറിയുടെ കാബിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ടാങ്കറിലേക്ക് തീപടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. വെള്ളിയാഴ്ച രാത്രി എട്ടോടെ ഏറ്റുമാനൂർ - തലയോലപ്പറന്പ് റോഡിൽ കോതനല്ലൂർ തൂവാനിസ ജംഗ്ഷനു സമീപമാണ് സംഭവം.
കോട്ടയത്തേക്ക് പെട്രോളുമായി പോകുന്നതിനിടെ പെട്ടെന്ന് ലോറിയുടെ മുൻഭാഗത്തെ ക്യാബിന്റെ ഭാഗത്തു നിന്നും തീയും പുകയും ഉയരുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി. സമീപത്തെ പെട്രോൾ പന്പിൽ നിന്നും എടുത്ത 10 കുറ്റിയോളം ഫയർ എക്സ്റ്റിഗ്യൂഷർ ഉപയോഗിച്ചതിനാൽ തീപടരുന്നത് ഒഴിവാക്കാൻ കഴിഞ്ഞു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കടുത്തുരുത്തി അഗ്നിരക്ഷാസേന വെള്ളം പന്പ് ചെയ്ത് തീയും പുകയും അണയ്ക്കുകയായിരുന്നു. പുക അന്തരീക്ഷത്തിൽ വ്യാപിച്ചതോടെ റോഡിന്റെ ഇരുവശങ്ങളിൽ നിന്നുമുള്ള വാഹന ഗതാഗതം കുറച്ചുസമയം തടസപ്പെട്ടു. ക്ലച്ചിന്റെ സമീപത്തെ വയറുകൾ തമ്മിൽ ഷോർട്ടായതാണ് തീയും പുകയും ഉയരാൻ ഇടയായതെന്നാണ് കരുതുന്നതെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. കൊടുങ്ങല്ലൂരിലെ ശ്രീമുരുകാ പന്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.