യൂസഫലിക്ക് അബുദാബിയുടെ ഉന്നത ബഹുമതി
Sunday, April 11, 2021 2:35 AM IST
കൊച്ചി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്. അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്കുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായി ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് യൂസഫലിക്കു സമ്മാനിച്ചു.
അബുദാബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പുരസ്കാരം നല്കി. മൂന്നു വനിതകള്‍ ഉള്‍പ്പെടെ 11 പേരാണു യൂസഫലിയെ കൂടാതെ ബഹുമതിക്ക് അര്‍ഹരായത്. ഈ വര്‍ഷം പുരസ്കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.