കുറഞ്ഞ ചെലവില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ പദ്ധതിയുമായി ആസ്റ്റര്‍ മെഡ്സിറ്റി
Wednesday, April 21, 2021 12:11 AM IST
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കരള്‍രോഗികളായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആശ്വാസവുമായി ആസ്റ്റര്‍ മെഡ്സിറ്റി. അര്‍ഹരായ പീഡിയാട്രിക് രോഗികള്‍ക്കു പ്രത്യേക നിരക്കില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അവസരമൊരുക്കുമെന്ന് ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവന് പറഞ്ഞു. ആശുപത്രിയില്‍ നടത്തിയ 200 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ആശ്വാസമേകുന്ന പ്രഖ്യാപനമുണ്ടായത്.
ഭാരിച്ച ചികിത്സാ ചെലവു മൂലം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ വിഷമിച്ചവര്‍ക്ക് ആസ്റ്റര്‍ മെഡ്സിറ്റി സ്വീകരിച്ച നൂതന മാര്‍ഗത്തിലൂടെ ശസ്ത്രക്രിയ പ്രയോജനപ്പെടുത്താന്‍ സാധിച്ചതായി മള്‍ട്ടി ഓര്‍ഗന്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു.
കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമ്മേല്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംഗീത സംവിധായകന് കൈലാസ് മേനോന് മുഖ്യാതിഥിയായിരുന്നു. ഡോ. ചാള്‍സ് പനയ്ക്കല്‍ നന്ദി രേഖപ്പെടുത്തി.