ഭരണത്തുടർച്ചയെന്നു സിപിഐ
Friday, April 23, 2021 12:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നു സിപിഐ. സർക്കാരിന്റെ വികസനനേട്ടങ്ങളും കോവിഡ് കാലത്തെ ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളിൽ മതിപ്പുളവാക്കിയിട്ടുണ്ട്. ഇതു വോട്ടായി മാറും.
പാർട്ടി മത്സരിച്ച 25 സീറ്റുകളിൽ 17 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നും ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി.
പാർട്ടി ജില്ലാ കൗണ്‍സിലുകൾ നല്കിയ തെരഞ്ഞെടുപ്പു റിപ്പോർട്ട് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്തു. മിക്ക മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണെന്ന റിപ്പോർട്ടാണ് ജില്ലാ കൗണ്‍സിലുകൾ നല്‍കിയിട്ടുള്ളത്.
മൂന്നു തവണ മത്സരിച്ചവരെ ഒഴിവാക്കിയ പാർട്ടി തീരുമാനം തൃശൂരിലടക്കമുള്ള മണ്ഡലങ്ങളിൽ പ്രതികൂലമായി ബാധിച്ചെന്ന വിമർശനവും പാർട്ടി ജില്ലാ കൗണ്‍സിലുകളുടെ റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വിശദമായ ചർച്ചയൊന്നും യോഗത്തിൽ ഉണ്ടായില്ല.