പ്രധാനാധ്യാപക നിയമനം ഉടന്‍ നടത്തണം: കെപിഎസ്ടിഎ
Monday, May 31, 2021 1:18 AM IST
കൊച്ചി: നാളെ അധ്യയനം ആരംഭിക്കുന്ന പൊതുവിദ്യാലയങ്ങളില്‍ അടിയന്തരമായി പ്രധാന അധ്യാപകരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെപിഎസ്ടിഎ എറണാകുളം റവന്യൂ ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
നൂറുകണക്കിന് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍ എങ്ങനെ അധ്യയനം നടത്തുമെന്നതിനെ കുറിച്ച് വ്യക്തതയില്ല. നിയമനങ്ങള്‍ നടത്താതെ അധികാരികള്‍ മുഖംതിരിച്ചു നില്‍ക്കുന്നത് പൊതു വിദ്യാഭ്യാസ ശക്തീകരണത്തിന് തടസമാവും. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.
കണ്വന്ഷന് സംസ്ഥാന ട്രഷറര്‍ എസ്. സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എല്‍. ഷാജു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.യു. സാദത്ത്, സി.വി. വിജയന്, കെ.എ. ഉണ്ണി, ജില്ലാ സെക്രട്ടറി അജിമോന് പൗലോസ്, കെ.എ. റിബിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.