ദയനീയ പരാജയത്തിനു കാരണം ബിജെപി നേതൃത്വത്തിന്റെ വീഴ്ചയെന്ന് ആര്‍എസ്എസ്
Monday, June 21, 2021 12:26 AM IST
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിന്റെ വീഴ്ചയാണ് വന്‍ പരാജയത്തിന് കാരണമെന്ന് ആര്‍എസ്എസ് വിമര്‍ശനം. കൊച്ചിയില്‍ നടന്ന ബിജെപി-ആര്‍എസ്എസ് യോഗത്തിലാണു നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ദയനീയ പരാജയത്തിനു വഴിവച്ചതെന്നു മുതിര്‍ന്ന നേതാക്കള്‍ ആരോപിച്ചു. അതിനാല്‍ ബിജെപി നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്താനും ആര്‍എസ്എസ് തീരുമാനിച്ചു.
തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിക്കു കാരണം ബിജെപിയിലെ വിഭാഗീയത പ്രവര്‍ത്തനങ്ങള്‍തന്നെയാണ്. തെരഞ്ഞെടുപ്പ് ഏകോപനത്തില്‍ നേതൃത്വത്തിനു വീഴ്ച പറ്റി. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിഷയങ്ങളിലടക്കം പല മുതിര്‍ന്ന നേതാക്കളും മൗനം പാലിച്ചു. ഇതു വിഭാഗീയതയുടെ ഭാഗമായുണ്ടായതാണ്. ഇനിയും ഈ നിലപാട് തുടര്‍ന്നാല്‍ പാര്‍ട്ടി ബാക്കിയുണ്ടാകില്ല. അതുകൊണ്ട് കള്ളപ്പണക്കേസ് ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും ബിജെപി നേതൃത്വത്തിന് ആര്‍എസ്എസ് ഉപദേശം നല്കി.
പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനം കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും. തൃപ്തികരമല്ലെങ്കില്‍ അവരെ പ്രധാന പദവികളില്‍നിന്നു നീക്കം ചെയ്യുന്നതടക്കം തീരുമാനമെടുക്കേണ്ടി വരും. കൊടകര കള്ളപ്പണക്കേസില്‍ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയെ പ്രതിരോധിക്കാതെ വിട്ടുനിന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്കൂടിയാണു തീരുമാനം. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നതും ചര്‍ച്ചയായി. സന്ദേശങ്ങളില്‍ നേതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ വ്യക്തമാണ്. പരസ്പരം ചെളിവാരിയെറിയുന്ന നിലപാട് തുടരരുതെന്നുമുള്ള താക്കീതാണു നേതൃത്വത്തിനു നല്‍കിയിരിക്കുന്നത്. യോഗത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ്, കൊടകര കള്ളപ്പണക്കേസ് അടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.