യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു
Thursday, June 24, 2021 1:10 AM IST
ഉപ്പുതറ: യുവതിയായ വീട്ടമ്മ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അയ്യപ്പൻകോവിൽ മാട്ടുക്കട്ട അറഞ്ഞനാൽ അമൽ ബാബു (27) വിനെ പീരുമേട് ഡിവൈഎസ്പി കെ. ലാൽജി, ഉപ്പുതറ സിഐ ആർ. മധു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. അമലിന്റെ ഭാര്യ ധന്യയെ (21) മാർച്ച് 28ന് രാവിലെ ആറോടെയാണ് മുറിയിലെ ജനൽക്കന്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഭർത്താവ് വീട്ടിൽനിന്നും പോയശേഷമായിരുന്നു സംഭവം.
ധന്യയുടെ മരണത്തിൽ അന്നുതന്നെ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയും ധന്യയുടെ പിതാവ് ജയപ്രകാശ് രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്തു നടത്തിയ അന്വേഷണത്തിൽ ധന്യക്ക് മാനസിക, ശാരീരിക പീഡനം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഗാർഹിക പീഡന കുറ്റം ചുമത്തി ഇന്നലെ രാവിലെ അമലിനെ അറസ്റ്റു ചെയ്തു പീരുമേട് കോടതിയിൽ ഹാജരാക്കി.