സർക്കാർ മുൻകൈയെടുത്ത് കിറ്റെക്സിൽ പരിശോധന നടത്തിയിട്ടില്ല: മന്ത്രി പി. രാജീവ്
Tuesday, July 6, 2021 12:34 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരോ വകുപ്പുകളോ മുൻകൈയടുത്തു കിറ്റെക്സിൽ പരിശോധന നടത്തിയിട്ടില്ലെന്നു മന്ത്രി പി. രാജീവ്. പി.ആർ. ചേംബറിൽ കിറ്റെക്സ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്ഗ്രസ് നേതാക്കളായ ജനപ്രതിനിധികൾ നൽകിയ പരാതിയിലാണ് അന്വേഷണങ്ങൾ നടന്നത്. ബെന്നി ബഹനാൻ എംപി ദേശീയ മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതി എറണാകുളം കളക്ടർക്കു കൈമാറുകയും കുന്നത്തുനാട് തഹസീൽദാരും അസിസ്റ്റന്റ് ലേബർ ഓഫീസറും ഫെബ്രുവരി 21-ന് പരിശോധന നടത്തുകയും ചെയ്തു.
തൃക്കാക്കര എംഎൽഎ പി.ടി. തോമസ് നിയമസഭയിൽ കിറ്റെക്സിനെതിരേ ആരോപണം ഉന്നയിച്ചു.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശ പ്രകാരമുള്ള ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം കിറ്റെക്സ് സ്ഥാപിച്ചിട്ടില്ലെന്നും കടന്പ്രയാർ മാലിനമാക്കുന്നു എന്നുമായിരുന്നു ആരോപണം. മലിനജലം ഒഴുകി തൃക്കാക്കര, കുന്നത്തുനാട്, ആലുവ, കളമശേരി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ 10 ലക്ഷം ജനങ്ങളുടെ കുടിവെള്ള സ്രോതസിനെ മലിനമാക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഇതേ ആരോപണം കഴിഞ്ഞയാഴ്ച ജില്ലാ വികസന സമിതി യോഗത്തിൽ അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് പരിശോധനാ സൗകര്യം ഏർപ്പെടുത്തുന്നില്ലെന്ന് ഹൈക്കോടതിക്കു ലഭിച്ച പരാതിയിൽ ജില്ലാ ജഡ്ജിയുടെ നിർദേശപ്രകാരം സബ്ജഡ്ജി അന്വേഷിക്കുകയുണ്ടായി. ഈ പരിശോധനകൾ സംബന്ധിച്ച് കിറ്റെക്സ് മാനേജ്മെന്റ് ഇതേവരെ പരാതി പറഞ്ഞിട്ടില്ല. എന്നിട്ടും താൻ അങ്ങോട്ടുവിളിച്ച് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ യോഗം ചേർന്ന് വിഷയം വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. കിറ്റെക്സ് എംഡിയുടെ ആരോപണം ഏതോ നിഗൂഢ ലക്ഷ്യംവച്ചാണ്. വ്യവസായത്തിനു പറ്റിയ നാടല്ല കേരളം എന്നു വരുത്തിതീർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നാടിന്റെ ഭാഗമായി വളർന്ന കിറ്റക്സ് നാടിന്റെ ഭാഗമായി നിലനിൽക്കണം.
2020 ജനുവരിയിൽ നടന്ന നിക്ഷേപക സംഗമത്തിനുശേഷം 3500 കോടി രൂപയുടെ താത്പര്യപത്രം മാത്രമാണ് അദ്ദേഹം നൽകിയത്. ധാരണാപത്രം ഒപ്പുവയ്ക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നിക്ഷേപക സംഗമത്തിൽ പ്രഖ്യാപിച്ച 19 പദ്ധതികൾ യാഥാർഥ്യമാകുകയും 60 പദ്ധതികൾ പുരോഗമിക്കുകയും ചെയ്യുന്നു. 41 എണ്ണം നിർത്തിവച്ചു. 28 എണ്ണം ഒഴിവാക്കി. നിക്ഷേപകർ ഉന്നയിച്ച പൊതുവായ ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.കിറ്റെക്സ് പാലക്കാട്ട് 50 ഏക്കറിൽ തുടങ്ങാനിരുന്ന പദ്ധതി പ്രദേശം മിച്ചഭൂമി കേസുള്ളതിനാൽ തീർന്നശേഷം പരിഗണിക്കാമെന്നു മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിശോധനയ്ക്ക് കേന്ദ്രീകൃത സംവിധാനം
തിരുവനന്തപുരം: വ്യവസായ ശാലകളിലെ പരിശോധനയ്ക്കായി കേന്ദ്രീകൃത പരിശോധനാ സംവിധാനത്തിനു രൂപം നല്കാൻ സർക്കാർ തീരുമാനിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനായി ഒരു വെബ്സൈറ്റിനു രൂപം നൽകും. ലോ, മീഡിയം, ഹൈ റിസ്ക് വിഭാഗങ്ങളിലായി വ്യവസായങ്ങളെ തരം തിരിക്കും. ലോ റിസ്ക് വ്യവസായങ്ങളിൽ വർഷത്തിൽ ഒരിക്കലോ ഓൺലൈനായോ മാത്രമേ പരിശോധന നടത്തു. ഹൈ റിസ്ക് വിഭാഗത്തിൽ നോട്ടീസ് നല്കി മാത്രമേ വർഷത്തിൽ ഒരിക്കൽ പരിശോധന നടത്തൂ എന്നും മന്ത്രി പറഞ്ഞു.