ഹയർ സെക്കൻഡറി വിജയം 87.94%
Thursday, July 29, 2021 1:33 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 87.94% വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 2.81 ശതമാനം വർധന. പിആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണു ഫലപ്രഖ്യാപനം നടത്തിയത്.
ഹയർ സെക്കൻഡറി സ്കൂൾ ഗോയിംഗ് റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 373788 പേരിൽ 328702 പേർ ഉപരിപഠന യോഗ്യത നേടി. ഓപ്പണ്‍ സ്കൂൾ വിഭാഗത്തിലെ 47721 വിദ്യാർഥികളിൽ 25292 പേർ ഉപരിപഠനയോഗ്യത നേടി. വിജയശതമാനം കൂടിയ ജില്ല എറണാകുളവും (91.11 %) കുറഞ്ഞത് പത്തനംതിട്ടയുമാണ്(82.53%) . 48,383 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. എ പ്ലസ് ഏറ്റവും കൂടുതൽ ലഭിച്ച ജില്ല മലപ്പുറമാണ്( 6707). ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ ജില്ല മലപ്പുറവും (57629) കുറവ് വയനാടും (9465). സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയ സ്കൂൾ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ ആണ്(841).