കാർഷിക വാഴ്സിറ്റി വിസിക്കെതിരേ വ്യാജരേഖ ആരോപണം
Friday, July 30, 2021 12:54 AM IST
തൃശൂർ: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവിനെതിരേ വ്യാജരേഖ ആരോപണം. 2017 ൽ സെലക്ഷൻ കമ്മിറ്റിക്കു നൽകിയ ബയോഡാറ്റയിൽ അധികയോഗ്യതയായി രേഖപ്പെടുത്തിയ വിവരങ്ങൾ തെറ്റാണെന്നാണ് ആരോപണം. ഡോ. ആർ. ചന്ദ്രബാബുവിനെ രാജിവയ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലർകൂടിയായ ഗവർണർക്കു കത്തയച്ചിട്ടുമുണ്ട്.
വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് സയന്റിസ്റ്റ് എന്നാണ് ചന്ദ്രബാബു ബയോഡാറ്റയിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വിസിറ്റിംഗ് സയന്റിസ്റ്റ് ആയിരുന്നില്ലെന്നു തമിഴ്നാട് കാർഷിക സർവകലാശാലയുടെ രേഖാമൂലമുള്ള അറിയിപ്പു ലഭിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ചില വിദേശ സർവകലാശാലകൾ സന്ദർശിച്ചതിനെ വിസിറ്റിംഗ് സയന്റിസ്റ്റ് എന്നു വിശേഷിപ്പിച്ചതു തെറ്റാണെന്നാണു ചൂണ്ടിക്കാണിക്കുന്നത്.
ആരോപണങ്ങളെ മറികടക്കാവുന്ന വിശദീകരണം നൽകിയിട്ടില്ലെന്നു സർവകലാശാലയുടെ മുൻ ജനറൽ കൗണ്‍സിൽ അംഗം വി.എസ്. സത്യശീലൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.