മണ്ണെണ്ണ വിഹിതം: യുഡിഎഫ് എംപിമാര്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി
Friday, July 30, 2021 12:54 AM IST
കൊച്ചി: സംസ്ഥാനത്തിനാവശ്യമായ മണ്ണെണ്ണ ലഭ്യമാക്കണമെന്ന് ആവശ്യമുന്നയിച്ച് യുഡിഎഫ് എംപിമാര്‍ കേന്ദ്ര പൊതുവിതരണ മന്ത്രി പിയുഷ് ഗോയലിന് നിവേദനം നല്കി. എംപിമാരായ ബെന്നി ബഹനാന്, ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരാണ് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചത്.
കേന്ദ്ര വിഹിതമായ മണ്ണെണ്ണ നിലവില്‍ കേരളത്തിന്റെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പോലും തികയുന്നില്ല. ഇത് കാരണം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ആദിവാസികളടങ്ങുന്ന ഗോത്രവര്‍ഗവും കേരളത്തിലെ തോട്ടം തൊഴിലാളികളുമാണ്. 2021-22 ആദ്യപാദത്തില്‍ കേരളത്തിന് അനുവദിച്ചത് 9264 കിലോ ലിറ്റർ മണ്ണെണ്ണ മാത്രമാണ്. എന്നാല്‍ അത് ഇപ്പോള്‍ 6480 കെ എല്‍ ആയി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു .
ഇതിന്റെ ഫലമായി റേഷന്‍കട വഴിയുള്ള കേരളത്തിലെ മണ്ണെണ്ണ വിതരണം മൂന്ന് മാസത്തിലൊരിക്കല്‍ മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യമാണുള്ളതെന്നും എംപിമാര്‍ മന്ത്രിയെ അറിയിച്ചു.