നെടുന്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്
Saturday, July 31, 2021 12:58 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പിന് നിരവധി ഉദ്യോഗാർഥികൾ ഇരയായി. ജോലിക്ക് മുന്‍പുള്ള വൈദ്യപരിശോധനയടക്കം പേരുപറഞ്ഞാണ് സംഘം പണം തട്ടിയെടുത്തത്. തട്ടിപ്പിനു സിയാലിന്റെ വ്യാജ ലെറ്റര്‍ പാഡും ഉപയോഗിച്ചിരുന്നു.
കൊച്ചി വിമാനത്താവളത്തില്‍ ഡ്രൈവര്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പേരില്‍ ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റിലാണ് പരസ്യം നൽകിയത്. 30,000 രൂപ വരെ ശമ്പളവും വാഗ്ദാനം ചെയ്തു. ഇതു കണ്ട് അപേക്ഷിച്ചവർക്ക് അധികം വൈകാതെ തന്നെ വിമാനത്താവളത്തിലെ എച്ച്ആര്‍ മാനേജര്‍ എന്ന പേരില്‍ വാട്ട്സ് ആപ്പ് സന്ദേശമെത്തും. ജോലിക്കാവശ്യമായ രേഖകള്‍ ഇ-മെയില്‍ വഴി അയക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് അപേക്ഷാ ഫീസ് ഇനത്തില്‍ 1,050 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇതു ലഭിച്ചു കഴിഞ്ഞാല്‍ സിയാലിന്റെയും വിമാനത്താവള അഥോറിറ്റിയുടെയും വ്യാജ ലെറ്റര്‍ പാഡില്‍ ജോലി ലഭിച്ചു എന്ന് അറിയിച്ചുള്ള ഓഫര്‍ ലെറ്റര്‍ ഇ-മെയില്‍ സന്ദേശമായി ഉദ്യോഗാർഥിക്ക് ലഭിക്കും.
എത്രയും വേഗം ജോലിയില്‍ പ്രവേശിക്കണമെന്നും ഇതിനായി വൈദ്യപരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കും മറ്റുമായി 3,250 രൂപകൂടി ആവശ്യപ്പെടും. ഇതും വിശ്വസിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ സംഘം ഒരു നിര്‍ദേശം കൂടി മുന്നോട്ടുവയ്ക്കും. ജോലി ബോണ്ട് അടിസ്ഥാനത്തിലാണെന്നും ഇതിനായി 18,000 രൂപകൂടി അടയ്ക്കണമെന്നും സന്ദേശമെത്തും. ഇതുകൂടി നൽകിക്കഴിഞ്ഞാൽ പിന്നെ സംഘത്തെ കുറിച്ച് യാതൊരു വിവരവും ഉണ്ടാകില്ല.
ഏകദേശം 22,000ല്‍ അധികം രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ട ശേഷമാണ് ഉദ്യോഗാര്‍ഥികൾക്ക് തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് മനസിലായത്. കോവിഡ് കാലമായതിനാല്‍ അഭിമുഖവും പരീക്ഷയുമൊന്നുമില്ലെന്ന് തട്ടിപ്പ് സംഘം ഉദ്യോഗാര്‍ഥികളോട് പറഞ്ഞിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ നിയമനത്തിനായി യാതൊരു ഫീസും ഈടാക്കുന്നില്ലെന്നും ഇത്തരം തട്ടിപ്പുകളിൽപ്പെട്ട് വഞ്ചിതരാകാതിരിക്കാൻ ഉദ്യോഗാർഥികൾ ശ്രദ്ധിക്കണമെന്നും സിയാൽ അധികൃതർ പറഞ്ഞു.