വിദൂര വിദ്യാഭ്യാസം ഏകീകരിക്കൽ: സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശങ്കയിൽ
Saturday, July 31, 2021 1:51 AM IST
കണ്ണൂര്‍: സര്‍വകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷന് സംബന്ധിച്ച് തത്സ്ഥിതി തുടരാന്‍ തീരുമാനമുണ്ടെങ്കിലും നിയമസഭയില്‍ പാസാക്കിയ നിയമം സമാന്തര വിദ്യഭ്യാസ മേഖലയെ ആശങ്കയിലാക്കുന്നു.
എല്ലാ യൂണിവേഴ്സിറ്റികളിലുമുള്ള വിദൂരവിദ്യാഭ്യാസ സംവിധാനങ്ങള്‍ നിര്‍ത്തലാക്കണമെന്നും അത് ശ്രീനാരായണ സര്‍വകലാശാല ഓപ്പണ്‍ യൂണിവേഴ്സിറ്റി മുഖേനയാക്കണമെന്നുമാണ് നിയമസഭ പാസാക്കിയ പുതിയ നിയമം. സംസ്ഥാനത്ത് പത്തു ലക്ഷത്തോളം വിദ്യാര്‍ഥികൾ പഠനത്തിനായി ആശ്രയിക്കുന്നത് സമാന്തര വിദ്യാഭ്യാസ മേഖലയെയാണ്. അര ലക്ഷത്തിന് മുകളില്‍ അധ്യാപകരും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
യുജിസി അംഗികാരം ലഭിക്കാത്ത സാഹചര്യത്തില്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസ സംവിധാനങ്ങള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. യുജിസി അംഗീകാരം ലഭിക്കുന്നതോടെ ഓപ്പണ്‍ സര്‍വകലാശാല നിലവില്‍വന്നാല്‍ മറ്റു സര്‍വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസം ഇല്ലാതാകും. സമാന്തര വിദ്യാഭ്യാസം ഓപ്പണ്‍ സര്‍വകലാശാല മുഖേന മാത്രമെന്ന മുന്‍ തീരുമാനം പിന്‍വലിക്കാത്തിടത്തോളം ഈ മേഖലയെ ആശ്രയിക്കുന്ന അധ്യാപകരും വിദ്യാര്‍ഥികളും കടുത്ത പ്രതിസന്ധിയായിരിക്കും നേരിടുക. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന സര്‍വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസ രീതി ഇപ്പോഴും തുടരുന്നുണ്ട്. കേരളത്തിൽ ഓപ്പണ്‍ സര്‍വകലാശാലയിലേക്ക് സമാന്തര വിദ്യാഭ്യാസം മാറ്റപ്പെടുമ്പോള്‍ റഗുലർ, പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് നിലവിൽ ലഭിക്കുന്ന ഒരേതരം സര്‍ട്ടിഫിക്കറ്റ് ഇല്ലാതാകും. ഇത് വിദ്യാർഥികളെ പ്രത്യക്ഷത്തിൽ രണ്ടു തട്ടിലാക്കുമെന്ന് പാരലല്‍ കോളജ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.
കോവിഡ് മൂലം പാരലൽ കോളജുകൾ അടച്ചിട്ടിരിക്കുകയാണ്. കെട്ടിടവാടക, അധ്യാപകരുടെ ശമ്പളം എന്നിവ കൊടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. 40 വയസ് കഴിഞ്ഞവരാണ് പല കോളജുകളിലെയും അധ്യാപകര്‍. ഇനി മറ്റൊരു ജോലി അവര്‍ക്ക് ലഭിക്കുക പ്രയാസമാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ച് നിയമസഭ പാസാക്കിയ നിയമം റദ്ദാക്കണമന്നും പാരലൽ കോളജ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.