കോവിഡ്: നിരീക്ഷണം കർശനമാക്കും
Saturday, September 11, 2021 12:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത രോഗ വ്യാപന അനുപാതം (ഡബ്ല്യുഐപിആർ) എട്ട് ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. നിലവിൽ ഏഴു ശതമാനത്തിന് മുകളിലുള്ള വാർഡുകളിലെ നിയന്ത്രണമാണ് എട്ടാക്കി ഉയർത്തിയത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവും ഇന്നലെ രാത്രിയോടെ പുറത്തിറങ്ങി.
രോഗികളുള്ള വീടുകളിലുള്ളവർ ക്വാറന്റൈൻ ലംഘിക്കുന്നത് കർശനമായി തടയുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ കഴിയുന്നവർ വീടുകളിൽതന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. കോവിഡ് പോസിറ്റീവായവരും അവരുമായി നേരിട്ടു സന്പർക്കത്തിൽ വന്നവരുമായ 4,19,382 പേരെയാണ് കഴിഞ്ഞ ഏഴുദിവസത്തിനുള്ളിൽ പോലീസ് ഫോണ് മുഖേന ബന്ധപ്പെട്ട് ക്വാറന്റൈനിൽ കഴിയുന്നുവെന്ന് ഉറപ്പുവരുത്തിയത്.
80 ശതമാനം ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ജില്ലകളിൽ ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് മാത്രമായി ആന്റിജൻ ടെസ്റ്റ് ചുരുക്കും. ബാക്കിഎല്ലായിടത്തും ആർടിപിസിആർ പരിശോധന നടത്തും. ചികിത്സാ കാര്യത്തിന് ആവശ്യം വരുന്ന ഘട്ടങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്താം. സംസ്ഥാന വ്യാപകമായി ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനം പൂർത്തിയാകുന്ന സ്ഥിതിക്ക് ഇത് സംസ്ഥാനം മുഴുവൻ നടപ്പാക്കും.
മറ്റു സംസ്ഥാനങ്ങളിൽ നമ്മുടെ വിദ്യാർഥികൾക്കുള്ള പ്രവേശനത്തിനായി രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ആ വിഭാഗക്കാരുടെ വാക്സിനേഷൻ അടിയന്തരമായി പൂർത്തിയാക്കാൻ ശ്രമിക്കും. അതിഥി തൊഴിലാളികൾക്ക് വാക്സിൻ നൽകാൻ ആവശ്യമായ നടപടികൾ ജില്ലാ കളക്ടർമാർ സ്വീകരിക്കും.
നിലവിൽ 2,37,643 കോവിഡ് കേസുകളിൽ, 12.85 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രികളിലോ ഫീൽഡ് ആശുപത്രികളിലോ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുണ്ട്. ആശുപ്രതിയിൽ എത്തുന്ന ഭൂരിഭാഗം രോഗികളും വൈകി എത്തുന്നവരായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
വൈകി ആശുപ്രതിയിൽ എത്തി മരണം സംഭവിച്ചവരിൽ ഏറ്റവും അധികം പ്രമേഹവും രക്തസമ്മർദവും ഒരുമിച്ചുള്ളവർ ആണ്. അതിനാൽ, കോവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങൾ ഉണ്ടെങ്കിൽ കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കണം. ഗൃഹ നിരീക്ഷണത്തിൽ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യണമന്നും മുഖ്യമന്ത്രി പറഞ്ഞു.