183 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടികൂടി
Saturday, September 18, 2021 12:48 AM IST
നിലമ്പൂർ: നിലമ്പൂരിനടുത്ത് കൂറ്റമ്പാറയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയെത്തുടർന്ന് വൻ ലഹരിശേഖരം പിടിച്ചെടുത്തു. 183 കിലോഗ്രാം കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തെത്തുടർന്ന് നിലമ്പൂർ എക്സൈസ് ഇൻസ്പെക്ടർ കെ.വി. നിധിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും ഇന്റലിജന്റ്സ് വിഭാഗം ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷെഫീഖ്, എക്സൈസ് കമ്മീഷണറുടെ നിലന്പൂർ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ ടി. ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഞ്ചാവ് സൂക്ഷിച്ചിരുന്ന താഴെ കൂറ്റമ്പാറ സ്വദേശികളായ വടക്കുമ്പാടം വീട്ടിൽ അബ്ദുൾ ഹമീദ് (24), കല്ലിടുമ്പിൽ ജംഷാദ് (കുഞ്ഞിപ്പ-36), മേലേ കുറ്റമ്പാറ നെല്ലിക്കുന്ന് ഓടക്കൽ അലി (34), എടക്കര ഇല്ലിക്കാട് കളത്തിൽ ഷറഫുദ്ദീൻ (40) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.