പിടികിട്ടാതെ നിപ്പ ഉറവിടം
Sunday, September 19, 2021 12:43 AM IST
മുക്കം(കോഴിക്കോട്): പന്ത്രണ്ടുവയസുകാരന്റെ മരണത്തിനു കാരണമായ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ നടത്തിയ ഒരു പരിശോധനാഫലം കൂടി പുറത്തുവന്നു.
പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച റംബൂട്ടാൻ പഴത്തിലും പ്രദേശത്തുനിന്നു ശേഖരിച്ച അടയ്ക്കയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇന്നലെ വൈകുന്നേരമാണ് ഫലം പുറത്തുവന്നത്.
നേരത്തേ ആടുകളിൽനിന്നു ശേഖരിച്ച രക്തത്തിന്റെ പരിശോധനയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. കാട്ടുപന്നികളുടെയും വവ്വാലുകളുടെയും പരിശോധനാ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിലൊന്നും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.
പരിശോധിച്ച സാമ്പിളുകളിലൊന്നും രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്തത് വലിയ ആശങ്കയാണുണ്ടാക്കുന്നത്.