കണ്ണൂർ സെൻട്രൽ ജയിലിൽ കുഴിച്ചിട്ട നിലയിൽ ആയുധങ്ങൾ കണ്ടെത്തി
Sunday, September 19, 2021 11:48 PM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ ദിവസം ആരംഭിച്ച പരിശോധന തുടരുന്നു. ഇന്നലെ ജയിൽ വളപ്പ് കിളച്ച് നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
കത്തികൾ, ഉളികൾ, ഇരുമ്പ് ദണ്ഡുകൾ എന്നിവയാണ് കണ്ടെത്തിയത്. ഇതു കൂടാതെ കഞ്ചാവ് നിറച്ച ബീഡികൾ, മറ്റു നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവയും കണ്ടെത്തി. പത്ത്, രണ്ട് ബ്ലോക്കുകളിലും സമീപത്തുമാണ് രണ്ടു ദിവസമായി പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ മറ്റു ബ്ലോക്കുകളും പരിസരവും പരിശോധിക്കും.
ശനിയാഴ്ച നടത്തിയ പരിശോധനയിൽ സിം ഊരിമാറ്റിയ രണ്ട് സാധാരണ ഫോണുകൾ, മൂന്ന് പവര്‍ബാങ്ക്, നാല് ചാര്‍ജര്‍, മൂന്ന് കത്തി, ഒരു ഉളി, ഇരുമ്പുപാര പോലുള്ള ഉപകരണം, ബീഡിക്കെട്ടുകൾ, വ്യായാമത്തിന് ഉപയോഗിക്കാനായി സിമന്റ് കട്ടകൊണ്ടു നിര്‍മിച്ച ഡംബൽസ് എന്നിവ കണ്ടെത്തിയിരുന്നു. ഫോണുകൾ പിടിച്ചെടുത്തെങ്കിലും സിം കാർഡുകൾ കണ്ടെത്തിയില്ല. ഫോൺ ഉപയോഗിക്കുന്നവർ സിം കാർഡ് അതീവ രഹസ്യമായി സൂക്ഷിച്ചതായാണ് കരുതുന്നത്.
ഫോൺ വിളിക്കു ശേഷം തടവുകാർ സിം കാർഡുകൾ ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ സൂക്ഷിക്കുന്നതായും കരുതുന്നു. സാധാരണ ഗതിയിൽ ജയിലിൽ പ്രവേശിക്കുമ്പോഴും പുറത്തുപോയി വരുമ്പോഴും മാത്രമാണ് തടവുകാരെ ദേഹ പരിശോധനയ്ക്കു വിധേയമാക്കുന്നത്.
ഇപ്പോൾ ജയിലിനകത്തുനിന്നു ഫോണും ആയുധങ്ങളും കണ്ടെത്തിയ സാഹചര്യത്തിൽ ബ്ലോക്കുകളിലുള്ള തടവുകാരുടെ ദേഹപരിശോധന നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ജയിൽ അന്തേവാസികളിൽ പലർക്കും പരോൾ അനുവദിച്ചിരുന്നു.
പരോളിൽ പോയി തിരിച്ചുവന്നവർ രഹസ്യമായി സിം കാർഡുകളും മറ്റു വസ്തുക്കളും ജയിലിനകത്തേക്ക് എത്തിച്ചതായാണ് കരുതുന്നത്.