കരുവന്നൂർ ബാങ്ക്: പരാതി നല്കിയ മുൻ സിപിഎം നേതാവിനെ കാണാനില്ലെന്നു പരാതി
Monday, September 20, 2021 12:17 AM IST
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സിപിഎമ്മിന് പരാതി നല്‍കുകയും ബാങ്കിനു മുന്നിൽ ഒറ്റയാൾ സമരം നടത്തുകയും ചെയ്ത മുൻ സിപിഎം നേതാവിനെ കാണാനില്ലെന്നു പരാതി. മാടായിക്കോണം കണ്ണാട്ട് വീട്ടിൽ കൃഷ്ണന്റെ മകൻ സുജേഷി (37) നെയാണ് കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
സിപിഎം മാടായിക്കോണം സ്കൂൾ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന സുജേഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.
പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ എഴരയോടെ കാറിൽ വീട്ടിൽനിന്ന് ഇറങ്ങിയ സുജേഷ് തിരിച്ച് എത്തിയിട്ടില്ലെന്നും രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നും കാണിച്ച് സഹോദരൻ സുരേഷാണ് പോലീസിൽ പരാതി നല്‍കിയത്.
തൃശൂർ വെസ്റ്റ് ഫോർട്ടിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തിവരുന്ന സുജേഷ് ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് പാർട്ടിയുടെ വിവിധ ഘടകങ്ങളിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടർന്ന് കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിനു മുന്നിൽ കഴിഞ്ഞ ജൂണ്‍ 14 നു ഒറ്റയാൾ സമരവും നടത്തിയിരുന്നു.
തുടർന്ന് സുജേഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സിപിഎം പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റി പുറത്താക്കുകയും ചെയ്തു. ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് മൂന്ന് തവണ സുജേഷ് പോലീസിൽ പരാതിയും നല്‍കിയിരുന്നു.
പാർട്ടി അംഗത്വം തിരിച്ചുകിട്ടാൻ അപ്പീൽ നൽകി കാത്തിരിക്കുകയായിരുന്നു സുജേഷ്. ഇതിനിടയിലാണ് സുജേഷിന്റെ തിരോധാനം. അവസാന ടവർ ലൊക്കേഷൻ കണ്ണൂർ ജില്ലയാണ്. ഞായറാഴ്ച ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല.
ശനിയാഴ്ച രാത്രി കുറച്ച് സമയം ഫോണ്‍ ഓണായപ്പോഴുള്ള ലൊക്കേഷനാണ് കണ്ണൂർ. നാട്ടിൽനിന്നു സ്വയം മാറിനിൽക്കാനുള്ള സാഹചര്യം കുറവാണെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരെങ്കിലും ബലമായി കൂട്ടികൊണ്ടു പോയതാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
ബാങ്കിലെ സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് അടക്കം നാല് ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് സുജേഷിനെ കാണാതായിരിക്കുന്നത്.