സ്കൂൾ തുറക്കൽ: വിപുലമായ പദ്ധതി തയാറാക്കാൻ വിദ്യാഭ്യാസ വകുപ്പ്
Monday, September 20, 2021 12:17 AM IST
തിരുവനന്തപുരം: നവംബർ ഒന്നിനു സ്കൂൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ അതിനു വിപുലമായ പദ്ധതി തയാറാക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പ്. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് പദ്ധതി തയാറാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള കൂടിയാലോചനകൾ ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കുന്ന പദ്ധതി ഒക്ടോബർ 15നുള്ളിൽ മുഖ്യമന്ത്രിക്കു കൈമാറും. സ്കൂൾ തുറക്കലിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ തലങ്ങളിൽ യോഗങ്ങൾ ചേരും. ജില്ലാതല യോഗങ്ങളോടനുബന്ധിച്ച് കളക്ടർ, ആരോഗ്യവകുപ്പിലെ ഡിഎംഒ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.
ഏറെ നാളായി ക്ലാസുകൾ പ്രവർത്തിക്കാത്തതിനാൽ, വീണ്ടും സ്കൂൾ തുറക്കുന്പോൾ ക്ലാസ് മുറുകൾ അണുനശീകരണം നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം തേടും.
സ്കൂൾ തുറക്കലിനു മുന്നോടിയായുള്ള തയാറെടുപ്പുകൾ അടുത്ത മാസം 15 നുള്ളിൽ പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുവിദ്യാഭ്യാസ വകുപ്പിനു നല്കിയിരിക്കുന്ന നിർദേശം.
പൊതുജനങ്ങളുടെ പൂർണ സഹകരണത്തോടെ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുട്ടികൾ സ്കൂളിൽ എത്തുന്പോൾ മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം, ആളകലം ഉറപ്പിക്കൽ, കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പാലിക്കേണ്ട കർശന വ്യവസ്ഥകൾ തുടങ്ങിയവ ഉറപ്പാക്കുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി.
പൊതുവിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ചാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ പ്രഖ്യാപനം നടന്നതെന്നും ഇതുസംബന്ധിച്ച മാധ്യമ വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.