ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കം ; സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു ഹൈക്കോടതി
Tuesday, September 21, 2021 2:21 AM IST
കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്ക്കത്തെത്തുടര്ന്നുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും കോടതി ഉത്തരവുകള്‍ നിയമപരമായി നടപ്പാക്കാന്‍ ആവശ്യമായ സംവിധാനവും സന്നാഹവുമുള്ള സര്‍ക്കാരിന് ഇക്കാര്യത്തില്‍ തങ്ങള്‍ നിസഹായരാണെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എറണാകുളം വടവുകോട് സെന്റ് മേരീസ് പള്ളിയിലെ മതപരമായ ചടങ്ങുകള്‍ക്കും പ്രാര്‍ഥനയ്ക്കും സംരക്ഷണം തേടി ഓര്‍ത്തഡോക്സ് സഭാ വികാരി ഫാ. കുര്യാക്കോസ് തണ്ണിക്കോട്ട് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന്റേതാണ് നിരീക്ഷണം.
ഹര്‍ജി ഈ മാസം 29 ലേക്ക് മാറ്റി. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതിനകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും നിര്‍ദേശിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സ്വീകരിക്കേണ്ട നടപടികളും വിശദീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇരുവിഭാഗങ്ങളും തമ്മില്‍ അപകടകരമായ തരത്തിലുള്ള തര്‍ക്കം നിലവിലുണ്ട്.
പള്ളികള്‍ക്ക് പോലീസ് സംരക്ഷണം തേടി നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയിലുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് സര്‍ക്കാരിന്റെ നിലപാട് അറിയേണ്ടതുണ്ടെന്ന് സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ചപ്പോള്‍ അഭിപ്രായപ്പെട്ടിരുന്നു.
സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാണെങ്കിലും സമാധാന അന്തരീക്ഷം തകരുമെന്നു ഭയമുള്ളതിനാല്‍ വിധി നടപ്പാക്കുന്നത് ദുഷ്കരമാണെന്ന് അഡീ. അഡ്വക്കേറ്റ് ജനറല്‍ അശോക് എം. ചെറിയാന് വിശദീകരിച്ചു.