ക്ലബ് ഹൗസ് നിരീക്ഷിക്കാൻ സൈബർ ഷാഡോ പോലീസ്
Wednesday, September 22, 2021 12:07 AM IST
തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി ലഹരിമരുന്നുവ്യാപനം ല ക്ഷ്യമിട്ടും മത സ്പർധ വളർത്തുന്ന തരത്തിലുള്ളതുമായ ചർച്ചകൾ സംഘടിപ്പിക്കുന്ന ക്ലബ് ഹൗസുകൾ നിരീക്ഷിക്കാൻ സൈബർ ഷാഡോ പോലീസ്. യുവജനങ്ങളെ വഴിതെറ്റിക്കുന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്ന സോഷ്യൽ മീഡിയയിലെ ഇത്തരത്തിലുള്ള എല്ലാ പ്ലാറ്റ്ഫോമുകളും നിരീക്ഷിക്കാനും നിയമ നടപടികളുമായി മുന്നോട്ടു പോകാനുമാണ് കർശന നിർദേശം.
നിശാ പാർട്ടികളുടെ മറവിൽ ഓണ്‍ലൈൻ മയക്കു മരുന്നു വ്യാപനത്തിനിടയാക്കുന്നതോ സാമൂഹികമായ ചേരിതിരിവുകൾ സൃഷ്ടിക്കു ന്നതോ ആയ ചർച്ചകൾ സംഘടിപ്പിക്കുന്ന ക്ലബ് ഹൗസുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം പ്ലാറ്റ്ഫോമുകളും നിരീക്ഷിക്കാനാണ് സൈബർ പോലീസിനു നിർദേശം. രാത്രികാലങ്ങളിൽ സജീവമാകുന്ന ഇത്തരം സംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ സൈബർ ഷാഡോ പോലീസിനും രൂപം നൽകി.
ഇത്തരം റൂമുകളുടെ മോഡറേറ്റർമാർക്കെതിരേയും ചർച്ചകളിൽ സംസാരിക്കുന്നവർക്കെതിരേയും നിയമനടപടികളുണ്ടാകും.
സാമൂഹികമായി വിദ്വേഷവും ഭിന്നിപ്പുമുണ്ടാക്കുന്ന തരത്തിലുള്ള ചർച്ചകളും പ്രഭാഷണങ്ങളും ക്ലബ്ഹൗസിൽ അരങ്ങേറുന്നുണ്ടെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. തീവ്രവാദ പ്രചാരണം വരെ നടക്കുന്നുണ്ടെന്ന പരാതികളും ലഭിച്ചു. ഇതിന് പിന്നാലെയാണ് സൈബർ നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയത്. ഇക്കാര്യം പോലീസിന്റെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.