65 വയസിനു മുകളിലുള്ളവരെല്ലാം വാക്സിനേഷനു തയാറാകണമെന്നു മുഖ്യമന്ത്രി
Wednesday, September 22, 2021 11:27 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു 65 വയസിനു മുകളിലുള്ളവരെല്ലാം ഉടൻ വാക്സിനെടുക്കാൻ തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്ന പൗരൻമാരിൽ ധാരാളം പേർ ഇനിയും വാക്സിനെടുക്കാനുണ്ട്.
വയോജനങ്ങളിലും അനുബന്ധ രോഗമുള്ളവരിലും പോസിറ്റീവാകുന്നവർ ആശുപത്രിയിൽ തക്ക സമയെത്തുന്നതിൽ അലംഭാവം കാണിക്കുന്നുണ്ട്. ഇതും ഒഴിവാക്കണം. 30 ശതമാനത്തോളം പേർക്കാണ് തക്ക സമയത്ത് ആശുപത്രിയിൽ എത്താത്തതിനാൽ ജീവൻ നഷ്ടപ്പെട്ടത്.
65 വയസിന് മുകളിലുള്ളവർ എല്ലാം തന്നെ വാക്സിനെടുക്കുകയും, മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കോവിഡ് പോസിറ്റീവായാൽ കൃത്യ സമയത്ത് ആശുപത്രിയിലെത്തുകയും ചെയ്താൽ മരണ നിരക്ക് ഗണ്യമായി കുറയ്ക്കാനാകും. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും വീട്ടുകാരുടെ ഭാഗത്തു നിന്നും ശ്രദ്ധ ഉണ്ടാകണം.
സംസ്ഥാനത്ത് സെറോ പ്രിവിലൻസ് പഠനം പൂർത്തിയായി വരികയാണ്. രോഗം വന്നും വാക്സിനേഷൻ സ്വീകരിച്ചും എത്ര ശതമാനം ആളുകൾക്ക് രോഗപ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് സെറോ പ്രിവിലൻസ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക പഠനവും നടത്തുന്നുണ്ട്. രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുന്നതിനാലാണ് കോളജുകൾ അടുത്തമാസവും സ്കൂളുകൾ നവംബറിലും തുറക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.