പ്രളയ ധനസഹായ തട്ടിപ്പ് അന്വേഷണ റിപ്പോർട്ട് റവന്യു സെക്രട്ടറിക്ക് അയയ്ക്കും
Saturday, September 25, 2021 10:55 PM IST
കോഴിക്കോട്: പ്രളയ ധനസഹായ തട്ടിപ്പുമായി ബന്ധപ്പെട്ട് സീനിയർ ഫിനാൻസ് ഓഫീസർ നടത്തിയ അന്വേഷണ റിപ്പോർട്ട് റവന്യു വകുപ്പ് സെക്രട്ടറിക്ക് അയയ്ക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ. ബോധപൂർവം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്നും ഡോ. നരസിംഹുഗരി ടി.എൽ. റെഡ്ഡി വ്യക്തമാക്കി.
ഫണ്ട് വെട്ടിപ്പ് നടത്തിയ റവന്യു വകുപ്പ് ജൂണിയര്‍ സൂപ്രണ്ടിനെതിരായ അന്വേഷണ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിൽ തീരുമാനം എടുക്കേണ്ടതു സർക്കാരാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
കോഴിക്കോട് താലൂക്കിൽ 2018-ലെ പ്രളയ ദുരിതബാധിതർക്ക് സഹായധനം വിതരണം ചെയ്തതിൽ വൻതട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കുന്നതാണ് സീനിയർ ഫിനാൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്.
സംഭവിച്ചത് ഗുരുതര അനാസ്ഥയാണെന്നും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ നടപടി വേണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. 2018-ൽ അടിയന്തര ധനസഹായമായ 10,000 രൂപ പ്രളയബാധിതർക്ക് വിതരണം ചെയ്തതിൽ ഗുരുതര അനാസ്ഥ സംഭവിച്ചെന്നു റിപ്പോർട്ടിൽ പറയുന്നു.
ഒരു അക്കൗണ്ടിലേക്ക് ഒൻപതു തവണ വരെ തുക കൈമാറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തര ധനസഹായം ഒരേ അക്കൗണ്ടിലേക്കു കൈമാറിയിട്ടുണ്ട്. 53 ലക്ഷം രൂപയാണ് സർക്കാരിന് ഇങ്ങനെ നഷ്ടപ്പെട്ടത്. തുക തിരിച്ചുപിടിക്കണമെന്നാണ് റിപ്പോർട്ട് ശിപാർശ ചെയ്യുന്നത്.