ഐതപ്പെ രൂപത ബിഷപ്പായി ഡോ. സിബി മാത്യു പീടികയിൽ ഇന്ന് അഭിഷിക്തനാകും
Saturday, September 25, 2021 11:41 PM IST
കോട്ടയം: പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപത ബിഷപ്പായി ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് സന്യാസസമൂഹാംഗമായ ഡോ. സിബി മാത്യു പീടികയിൽ ഇന്ന് അഭിഷിക്തനാകും. ഐതപ്പെ രൂപതയുടെ ആറാമതു മെത്രാനാണു ഡോ. സിബി പീടികയിൽ.
രാവിലെ 9.30ന് ഐതപ്പെ കത്തീഡ്രലിൽ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകൾക്ക് പോർട്ട് മെർസ്ബി ആർച്ച്ബിഷപ് കർദിനാൾ ജോണ്‍ റിബാ മുഖ്യകാർമികത്വം വഹിക്കും. മദാംഗ് ആർച്ച്ബിഷപ് ഡോ. ആന്റണ്‍ ബാൽ, ബരൈന ബിഷപ് ഡോ. ഓട്ടോ സെബാരി എന്നിവർ സഹകാർമികരായിരിക്കും.
കാഞ്ഞിരപ്പള്ളി രൂപതയിലെ പെരുവന്താനം അഴങ്ങാട് സെന്റ് ആന്റണിസ് പള്ളി ഇടവകയിൽ പീടികയിൽ മാത്യു വർക്കിയുടെയും ഈഴോർമറ്റം കുടുംബാംഗം അന്നക്കുട്ടിയുടെയും മൂന്നാമത്തെ പുത്രനാണ്.
ആന്ധ്രയിലെ കുരുക്കുരുവിലുള്ള മൈനർ സെമിനാരി, ജ്ഞാനംപെട്ട് വിജ്ഞാനനിലയം, റാഞ്ചി സെന്റ് ആൽബർട്സ് കോളജ് എന്നിവിടങ്ങളിലായി വൈദികപരിശീലനം പൂർത്തിയാക്കി 1995ൽ വൈദികപട്ടം സ്വീകരിച്ചു.
ആന്ധ്രപ്രദേശിലെ ഖമ്മം സെന്റ് ജോസഫ് മേജർ സെമിനാരിയുടെ പ്രൊക്കുറേറ്ററും ആധ്യാത്മിക കാര്യങ്ങളുടെ ചുമതലക്കാരനുമായി നിയമിതനായ അദ്ദേഹം 1998ൽ പാപ്പുവ ന്യൂഗ്വിനിയയിലേക്ക് അയയ്ക്കപ്പെട്ടു. 2004ൽ മടങ്ങിയെത്തി.
തുടർന്ന് ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി 2014ൽ പാപ്പുവ ന്യൂഗ്വിനിയയിലെത്തിയ അദ്ദേഹം വാനിമോ രൂപത വികാരി ജനറാളായി ശുശ്രൂഷ ചെയ്തുവരികെയാണ് ഐതപ്പെ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമാണ് പാപ്പുവ ന്യൂഗ്വിനിയ.