അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ നിറവിൽ ഡിൻസൻ
Wednesday, October 20, 2021 12:39 AM IST
ഒല്ലൂർ: അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങൾ നേടി ‘റീബെർത്ത്’ ഷോർട്ട് ആനിമേഷൻ ഫിലിം സംവിധായകൻ ഡിൻസൻ. പെരിഞ്ചേരി സ്വദേശിയായ ഡിൻസൻ ഡേവിഡ് ആനിമേഷനും സംവിധാനവും ചെയ്ത ചിത്രമാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരങ്ങൾ നേടിയത്.
ഷോർട്ട് ആനിമേഷൻ ഫിലിം വിഭാഗത്തിൽ യൂറോപ്പ് ഫിലിം ഫെസ്റ്റിവൽ (ലണ്ടൻ), ബെർലിൻ ഫിലിം ഫെസ്റ്റിവൽ (ജർമനി), ബെസ്റ്റ് ഇസ്താംബൂൾ ഫിലിം ഫെസ്റ്റിവൽ (ടർക്കി) എന്നിവയിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. പാരീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (പാരീസ്), ബോഡൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (സ്വീഡൻ) എന്നിവയിൽ അവസാന റൗണ്ടിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
2020ൽ ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽനിന്ന് ആനിമേഷനിൽ ബിരുദം നേടിയ ഡിൻസൻ ഇപ്പോൾ മുഴുവൻ സമയ ആനിമേറ്റർ- ഡിസൈനറാണ്. നിരവധി പരസ്യചിത്രങ്ങൾക്ക് ആനിമേഷൻ ചെയ്തിട്ടുണ്ട്. പിതാവ് തെക്കിനിയത്ത് ഡേവിഡാണ് ഡിസൈനർ രംഗത്ത് വഴികാട്ടി.