ദുരിതമേഖലയിൽ കാരുണ്യസ്പർശമായി ചങ്ങനാശേരി അതിരൂപത
Wednesday, October 20, 2021 12:39 AM IST
ചങ്ങനാശേരി: ദുരിതം സംഹാരതാണ്ഡവമാടിയ കൂട്ടിക്കലും ഏന്തയാറിലും ചങ്ങനാശേരി അതിരൂപതയുടെ കാരുണ്യസ്പർശവുമായി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും വൈദിക പ്രതിനിധികളുമെത്തി. ഉരുൾപ്പൊട്ടലിനെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട് വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരെ സംഘം സന്ദർശിച്ചു.
ഭക്ഷണ സാധനങ്ങളും ബെഡ്ഷീറ്റുകളും കിടക്കകളും മരുന്നുകളും ക്യാന്പുകളിൽ വിതരണം ചെയ്തു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ ടീമും സംഘത്തിലുണ്ടായിരുന്നു.
ഉരുൾപൊട്ടലിൽ മരണപ്പെട്ട കാവാലി ഒട്ടലാങ്കൽ മാർട്ടിൻ, അമ്മ ക്ലാരമ്മ, ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരെ സംസ്കരിച്ച കാവാലി സെന്റ് മേരീസ് പള്ളിയിലെ കബറിടത്തിലെത്തി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ പ്രാർഥനയും നടത്തി.
ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി, ചാരിറ്റി വേൾഡ്, കുട്ടനാട്ടിൽ പുതുതായി ആരംഭിച്ച ക്രിസ് സൊസൈറ്റി, റേഡിയോ മീഡിയാ വില്ലേജ്, സിഎംസി, എഫ്സിസി, എസ്എബിഎസ് കോണ്‍ഗ്രിഗേഷനുകൾ എന്നിവരും ഉദാരമതികളും നൽകിയ ഭക്ഷണ സാധനങ്ങളും സാമഗ്രികളുമാണ് ക്യാന്പുകളിൽ എത്തിച്ചത്.
വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ, ചാൻസലർ റവ.ഡോ. ഐസക്ക് ആലഞ്ചേരി, ചാസ് ഡയറക്ടർ ഫാ. തോമസ് കുളത്തുങ്കൽ, ചാരിറ്റി വേൾഡ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ഫാ. ടോണി കൂലിപ്പറന്പിൽ എന്നിവർ ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു.