കരൾരോഗം: നൂതന ചികിത്സയുമായി കാരിത്താസ് ആശുപത്രി
Friday, October 22, 2021 12:44 AM IST
കോട്ടയം: കരൾ രോഗം മൂർഛിച്ചു കരൾ മാറ്റിവയ്ക്കൽ ഘട്ടം വരെയെത്തുന്ന രോഗികൾക്കു നൂതന ചികിത്സാ രീതിയുമായി കാരിത്താസ് ആശുപത്രി. കരൾ മാറ്റിവയ്ക്കുയാണ് ഇനിയുള്ള പോംവഴി എന്ന നിലയിലാണ് ജോഷി എന്ന 54 വയസുകാരൻ കാരിത്താസ് ഗ്യാസ്ട്രോ സയൻസസിൽ ചികിത്സ തേടിയെത്തിയത്. ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ടോം കുര്യൻ നടത്തിയ വിദഗ്ധ പരിശോധനയിൽ മറ്റുരോഗത്തിനു ഏറെക്കാലമായി കഴിക്കുന്ന മരുന്നിന്റെ പാർശ്വ ഫലമായുണ്ടായ കരൾ രോഗമാണെന്നു തിരിച്ചറിഞ്ഞു.
തുടർന്ന് നവീന ചികിത്സാ രീതിയായ പ്ലാസ്മ ഫെറേസിസ്, നെഫ്രോ വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. ജി.എ. സുരേഷ്, ഡോ. അജീഷ് ജോണ് എന്നിവരുടെ പിന്തുണയോടെ ഫലപ്രദമായി രോഗിയിൽ നടപ്പാക്കി. കരൾ പൂർണ ആരോഗ്യം വീണ്ടെടുത്തതോടെ രോഗി ആശ്വാസത്തോടെ അശുപത്രി വിട്ടു.
കരളിലെ രക്തം ശുദ്ധീകരിക്കുന്നതാണ് ഈ നവീന ചികിത്സാ രീതി. ഇത്തരത്തിൽ യാതന അനുഭവിക്കുന്ന സാധാരണക്കാരായ രോഗികൾക്കു മിതമായ ചെലവിൽ പ്രാപ്തമാക്കുകയാണു കാരിത്താസ് ആശുപത്രിയുടെ ലക്ഷ്യമെന്ന് ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത് അറിയിച്ചു.