ഡോക്ടർമാരുടെ പുനർവിന്യാസത്തിനെതിരേ കെജിഎംസിടിഎ
Tuesday, November 30, 2021 12:34 AM IST
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോന്നി, ഇടുക്കി മെഡിക്കൽ കോളജുകളിൽ തസ്തികകൾ സൃഷ്ടിക്കാതെ നിലവിലുള്ള മെഡിക്കൽ കോളജുകളിൽനിന്ന് അധ്യാപകരെ പുനർവിന്യസിപ്പിക്കാനുള്ള നീക്കത്തിനെതിരേ കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ). നിലവിലുള്ള കോളജുകളുടെ അവസ്ഥയെ ഇതു കൂടുതൽ ശോചനീയമാക്കുമെന്നു സംഘടന ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം അടക്കമുള്ള പല മെഡിക്കൽ കോളജുകളിലും ഡോക്ടർമാരുടെ അഭാവംമൂലം അത്യാവശ്യമുള്ള ശസ്ത്രക്രിയകൾക്കു പോലും തീയതി നിശ്ചയിക്കാൻ കഴിയുന്നില്ല.
മെഡിക്കൽ കോളജുകളിൽ കോവിഡ് ഡ്യൂട്ടിക്ക് ഇപ്പോഴും പ്രീപാരാക്ലിനിക്കൽ വിഭാഗങ്ങളിൽനിന്നും ഡോക്ടർമാരെ വിന്യസിക്കുന്നുണ്ട്.
മെഡിക്കൽ അധ്യയനത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.