അനധികൃത കൊടിമരങ്ങള്‍: സര്‍വകക്ഷി യോഗം വിളിക്കാമെന്നു സർക്കാർ
Friday, December 3, 2021 12:47 AM IST
കൊച്ചി: പൊതുവഴികളിലെയും പാതയോരങ്ങളിലെയും അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, വിവിധ മതസ്ഥാപനങ്ങളും സംഘടനകളുമൊക്കെ ഇത്തരത്തില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ സമവായം അനിവാര്യമായതിനാലാണ് സര്‍വകക്ഷി യോഗം വിളിക്കുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീ. അഡ്വക്കേറ്റ് ജനറല്‍ അശോക്. എം. ചെറിയാന് വിശദീകരിച്ചു. മുഖ്യമന്ത്രി ഇത്തരമൊരു നടപടി സ്വീകരിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ട സിംഗിള്‍ ബെഞ്ച് ഹര്‍ജി ഈ മാസം 20ലേക്ക് മാറ്റി. ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്.
അനധികൃത കൊടിമരങ്ങള്‍ നീക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ സിംഗിള്‍ബെഞ്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജിക്കാരുടെ വിഷയത്തില്‍ നാലു പേര്‍ക്കെതിരെ കേസെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ എറണാകുളത്ത് മേനക ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം അനധികൃത കൊടിമരം നാട്ടിയ സംഭവം കോടതി തന്നെ ചൂണ്ടിക്കാട്ടി.
പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളജിനു മുന്നിലെ അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോളജ് മാനേജ്മെന്റ് നല്കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.