രവീന്ദ്രൻ പട്ടയം റദ്ദാക്കിയത് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ: മന്ത്രി രാജൻ
Friday, January 21, 2022 12:39 AM IST
തിരുവനന്തപുരം: ഇടു ക്കി ജില്ലയിലെ മൂന്നാറിലെ രവീന്ദ്രൻപട്ടയം റദ്ദാക്കിയത് 2019 ലെ മന്ത്രിസഭായോഗ തീരുമാനം അനുസരിച്ചാണെന്നും ഇക്കാര്യത്തിൽ വിവാദങ്ങളുടെ ആവശ്യമില്ലെന്നും റവന്യു മന്ത്രി കെ. രാജൻ.
പട്ടയം റദ്ദാക്കിയതു സംബന്ധിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി ഉൾപ്പെടെയുള്ളവർ പ്രതികരണവുമായി രംഗത്തു വന്നതിനു പിന്നാലെയാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. രവീന്ദ്രൻ പട്ടയവിതരണത്തിന്റെ നടപടിക്രമങ്ങളിലെ വീഴ്ചകൾ പരിശോധിച്ച് അർഹരായവർക്ക് പട്ടയം ഉറപ്പുവരുത്തുകയാണ് റവന്യു വകുപ്പിന്റെ ലക്ഷ്യം.
വീഴ്ചകൾ പരിശോധിക്കാനായി 2019ൽ റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. പിന്നീട് ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്ത മന്ത്രിസഭ ഈ യോഗത്തിലെ തീരുമാനങ്ങൾക്ക് അംഗീകാരവും നല്കി. ഇടതുമുന്നണി യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. പട്ടയത്തിൽനിന്ന് അനർഹരെ ഒഴിവാക്കുന്നതിനായാണ് നടപടി.
അർഹതയുള്ളവർക്ക് പട്ടയം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രവീന്ദ്രൻ പട്ടയവുമായി ബന്ധപ്പെട്ട ഉത്തരവ് പ്രകാരം ആരെയും കുടിയൊഴിപ്പിക്കില്ല. നടപടിക്രമങ്ങൾ പരിഗണിച്ച് പട്ടയക്കാരുടെ അർഹത ഉറപ്പാക്കുകയാണ് ചെയ്യുന്നത്. പഴയ തീരുമാനങ്ങളുടെ തുടർച്ചയാണെന്നു മാത്രം.
പട്ടയവിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള ചട്ടത്തിൽ എന്താണോ പറയുന്നത് അതനുസരിച്ച് മുന്നോട്ടു പോകും. കൈയേറ്റക്കാരോടും കുടിയേറ്റക്കാരോടും ഒരേ സമീപനമല്ല എടുക്കുന്നതെന്നും പരമാവധി പേർക്ക് ഭൂമി നൽകാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.