കോവിഡ് വ്യാപനം: എല്ലാ ജില്ലകളിലും മന്ത്രിമാർ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കും
Friday, January 28, 2022 1:27 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനും ചികിത്സാ ക്രമീകരണം ഒരുക്കുന്നതിനുമായി ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം വിളിക്കാൻ മന്ത്രിസഭ നിർദേശിച്ചു. ജില്ലകളിലെ ചികിത്സാ സംവിധാനങ്ങളും മന്ത്രിമാർ വിലയിരുത്തും.
പ്രാഥമിക കരുതൽ ചികിത്സാ കേന്ദ്രങ്ങൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തുടങ്ങുക, സമൂഹ അടുക്കളകൾ വഴി രോഗികളായവരുടെ വീടുകളിൽ ഭക്ഷണം എത്തിക്കുക, വാർഡുതല ജാഗ്രതാ സമിതികൾ എല്ലാ ആഴ്ചയും ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് അവശ്യമായ ക്രമീകരണം ഒരുക്കുക.
തദ്ദേശ സ്ഥാപന തലത്തിലെ കോവിഡ് നിരീക്ഷണം ആഴ്ചതോറും നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കുക തുടങ്ങിയ സർക്കാർ നിർദേശിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ നിർദേശങ്ങളും നൽകും.