ചോലനായ്ക്ക വയോധികൻ ആനയുടെ ആക്രമണത്തിൽ മരിച്ചു
Friday, January 28, 2022 1:27 AM IST
കരുളായി: 2001ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഷ്ട്രപതിയുടെ അതിഥിയായി പങ്കെടുത്ത ചോലനായിക്ക വയോധികൻ ആനയുടെ ആക്രമണത്തിൽ മരിച്ചു.കരുളായി ഉൾവനത്തിലെ കുപ്പമലയിൽ താമസിച്ചിരുന്ന കരിന്പുഴ മാതൻ (67) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെ പാണപ്പുഴയ്ക്കും വാൾക്കെട്ട് മലയ്ക്കും ഇടയിലാണ് സംഭവം.
മാഞ്ചീരിയിലെ റേഷൻ വിതരണ കേന്ദ്രത്തിലേക്ക് റേഷൻ വാങ്ങാൻ വരുകയായിരുന്ന ആദിവാസി സംഘമാണ് ആനയ്ക്കുമുന്നിൽ അകപ്പെട്ടത്. സംഘത്തിലുണ്ടായിരുന്ന മണ്ണള വീരന്റെ മകൻ ചാത്തനും കുപ്പമല വീരന്റെ മകൻ ചാത്തനും തലനാരിഴയ്ക്കാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
ഇവർ ഓടി രക്ഷപ്പെട്ടെങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല. പ്രായാധിക്യം കാരണം ഓടി രക്ഷപ്പെടാൻ കഴിയാതെ മാതൻ ആനയുടെ ആക്രമണത്തിനിരയാകുകയായിരുന്നു. ചാത്തനെത്തി വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തന്പടിച്ചതിനാൽ ഇന്നലെ രാവിലെ പത്തോടെയാണ് അധികൃതർക്ക് മൃതദേഹത്തിനടുത്തെത്താനായത്.