ആരോഗ്യമന്ത്രി-ഡെപ്യൂട്ടി സ്പീക്കർ പോര്: ഇരുവരും എൽഡിഎഫിനു പരാതി നൽകി
Sunday, May 15, 2022 1:27 AM IST
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള വാക്പോരിനൊടുവിൽ ഇരുവരുടെയും പരാതികൾ എൽഡിഎഫിൽ ചർച്ചയ്ക്ക്.
സംസ്ഥാന മന്ത്രിസഭാ വാർഷികവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ നടന്ന പരിപാടികളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ മനഃപൂർവം ഒഴിവാക്കാൻ ശ്രമം നടന്നതായും ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി ഏകോപനച്ചുമതല നടത്തിയില്ലെന്നും കഴിഞ്ഞ ദിവസം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പരസ്യ പ്രതികരണം നടത്തിയിരുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ ആരോഗ്യമന്ത്രിയിൽ നിന്നും തനിക്കു നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ ഇനി പുറത്തുപറയാതെ തരമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിളിച്ചാൽ ഫോണെടുക്കില്ലെന്നും തന്റെ മണ്ഡലത്തിലെ ആശുപത്രികളുടെ വിഷയത്തിൽ ഇടപെട്ടില്ലെന്നതുമടക്കമുള്ള പരാതികളും ചിറ്റയം ഉന്നയിച്ചു.
അതേസമയം, ചിറ്റയം ഗോപകുമാർ അസത്യ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങൾക്കു പിന്നിൽ ഗൂഢലക്ഷ്യമാണെന്നും പ്രസ്താവിച്ച് മന്ത്രി വീണാ ജോർജ് രംഗത്തെത്തി. ചിറ്റയം ഗോപകുമാർ തന്റെ ആരോപണങ്ങൾ എൽഡിഎഫിലോ എംഎൽഎമാരുടെ യോഗങ്ങളിലോ ഉന്നയിക്കാതെ പരസ്യമായി നടത്തിയതിനെതിരേ ആരോഗ്യമന്ത്രി എൽഡിഎഫ് നേതൃത്വത്തിനു പരാതിയും നൽകി. മന്ത്രിക്കെതിരേ താൻ ഉന്നയിച്ചവിഷയ ങ്ങളിലൂന്നി എൽഡിഎഫ് കൺവീനർക്കും സിപിഐ സംസ്ഥാന സെക്രട്ടറിക്കും ചിറ്റയം ഗോപകുമാർ പരാതി നൽകി.