കേരളത്തിന്റെ കടമെടുപ്പ് അപകടകരമായ നിലയിലല്ല: മന്ത്രി കെ.എൻ. ബാലഗോപാൽ
Tuesday, May 17, 2022 1:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇതുവരെയുള്ള കടമെടുപ്പ് അപകടകരമായ നിലയിലല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രസർക്കാർ എടുത്തിട്ടുള്ളതിനേക്കാൾ വളരെ കുറച്ചു കടമെടുപ്പ് മാത്രമാണ് കേരളം നടത്തിയിട്ടുള്ളതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഈ സാന്പത്തിക വർഷം കടമെടുപ്പിനുള്ള കേന്ദ്രാനുമതി സംബന്ധിച്ച പ്രശ്നത്തിൽ ഉടൻ പരിഹാരമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
5,000 കോടി രൂപ അഡ്ഹോക്കായി വായ്പെയെടുക്കാൻ കേന്ദ്ര സർക്കാർ ഇപ്പോൾ അനുവാദം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽത്തന്നെ കടമെടുപ്പു സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമാകേണ്ടതായിരുന്നു. എന്നാൽ സംസ്ഥാനങ്ങൾ ഇതുവരെ സ്വീകരിച്ചുപോരുന്ന രീതികൾക്കു വിരുദ്ധമായ ചില കാര്യങ്ങളിൽ കേന്ദ്രം ഇപ്പോൾ ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമേ കേന്ദ്രത്തിനു ചെയ്യാനാകൂ. കേരളത്തെപ്പോലെ മറ്റു സംസ്ഥാനങ്ങളോടും കേന്ദ്രം ഇതേ കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ (എൻഎസ്ഒ) പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് നാണയപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. കഴിഞ്ഞ സാന്പത്തികവർഷത്തെ കണക്കിന്റെ അടിസ്ഥാനത്തിലാണിത്.
നിയന്ത്രണമില്ലാതെ കടമെടുപ്പു നടത്തിയാണു മുന്നോട്ടുപോയിരുന്നതെങ്കിൽ ഈ നിലയിൽ കേരളത്തിന് എത്താൻ കഴിയുമായിരുന്നില്ല. ഭക്ഷ്യധാന്യങ്ങളടക്കമുള്ള വസ്തുക്കൾക്കു മറ്റു നാടുകളെ ആശ്രയിക്കുന്ന ഒരു സംസ്ഥാനത്തിനാണ് ഇത്തരമൊരു നേട്ടമുണ്ടായതെന്നാണു പ്രത്യേകത.
വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നുവെന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.