കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന്
Thursday, May 19, 2022 2:07 AM IST
കോട്ടയം: വെളളൂരിലെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനം ഇന്നു രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടലാസ് ഉത്പാദനത്തിന്റെ സ്വിച്ച് ഓണ്‍ കർമവും മുഖ്യമന്ത്രി നിർവഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മൻ ചാണ്ടി എന്നിവർ പ്രഭാഷണം നടത്തും.
വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കന്പനി കേന്ദ്രസർക്കാരിൽനിന്ന് 145.60 കോടി രൂപയുടെ ബാധ്യതകൾ തീർത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. തുടർന്ന് കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡാക്കി പുനസംഘടിപ്പിച്ച് കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനമാരംഭിച്ചു. ആദ്യഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചാണ് ഉത്പാദനം ആരംഭിക്കുന്നത്.നാലു ഘട്ടങ്ങളിലായുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ 2700 കോടി വിറ്റുവരവിൽ വർഷം അഞ്ചു ലക്ഷം മെട്രിക് ടണ്‍ പേപ്പർ ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്.