എപിഎൽ കാർഡിന് അടുത്തമാസം മുതൽ ഗോതന്പില്ല
Friday, June 24, 2022 12:22 AM IST
വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ എപിഎൽ വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്ക് അടുത്തമാസം മുതൽ റേഷൻ ഗോതന്പില്ല. ആട്ടയും കിട്ടില്ല.
മുൻ മാസങ്ങളിൽ എടുത്ത സ്റ്റോക്കിൽ റേഷൻ കടകളിൽ മിച്ചമുണ്ടെങ്കിൽ ഈ മാസംകൂടി കിട്ടും. കേരളത്തിലെ എപിഎൽ വിഭാഗത്തിനുള്ള ഗോതന്പ് വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. അതിനാൽ സംസ്ഥാനത്തെ 50 ലക്ഷം എപിഎൽ കാർഡ് ഉടമകൾക്ക് റേഷൻ ഗോതന്പ് മുടങ്ങും. ഇത് പൊതുവിപണിയിലെ ഗോതന്പ് വില ഉയർത്താനിടയാക്കും.
കേന്ദ്രം ടൈഡ് ഓവറായി നൽകിയിരുന്ന ഗോതന്പ് പൊടിയാക്കിയാണ് ഒരു കിലോയുടെ പാക്കറ്റിന് 17 രൂപ നിരക്കിൽ എപിഎൽ കാർഡിന് നൽകിയിരുന്നത്. എപിഎൽ കാർഡ് ഉടമകളിൽ 95 ശതമാനവും ആട്ട വാങ്ങുന്നവരാണ്. കേന്ദ്രത്തിന്റെ ഗോതന്പ് സംഭരണത്തിൽ കുറവ് വന്നതാണ് വിഹിതം വെട്ടിക്കുറയ്ക്കാനിടയാക്കിയത്. രാജ്യത്തിന് ആവശ്യത്തിനുള്ള ഗോതന്പ് വിഹിതം നീക്കിവയ്ക്കാതെ അനിയന്ത്രിതമായി കയറ്റുമതി ചെയ്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.