വൃക്ക മാറ്റിവച്ച രോഗിയുടെ മരണം: സംഘടനയുടെ ആവശ്യം പരിഗണിക്കാതെ മന്ത്രി
Friday, June 24, 2022 12:50 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്നു രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനയുടെ ആവശ്യത്തെ പരിഗണിക്കാതെ മന്ത്രി വീണാ ജോർജ്. സംഭവത്തിൽ വിദഗ്ധ സമിതിയുടെ അന്വേഷണം വേണമെന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയുടെ ആവശ്യമാണു സർക്കാർ തള്ളിയത്.
ചികിത്സയിൽ വീഴ്ച ഉണ്ടായോ, ശസ്ത്രക്രിയയിൽ പിഴവുണ്ടായോ എന്നതടക്കം ശാസ്ത്രീയമായി അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും കുറ്റം കണ്ടെത്തിയാൽ മാത്രം നടപടി എടുക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ചു ഡോക്ടർമാരുടെ വിശദീകരണം ഉൾപ്പെടെ എടുത്തതിനു ശേഷം ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും.
ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുന്നത്. ആശുപത്രി സൂപ്രണ്ട് നിസാറുദ്ദീൻ, മൃതസഞ്ജീവനി നോഡൽ ഓഫിസർ നോബിൾ ഗ്രീഷ്യസ്, യൂറോളജി, നെഫ്രോളജി മേധാവിമാർ തുടങ്ങിയവർ പ്രാഥമിക വിശദീകരണം നൽകിയിട്ടുണ്ട്. വൃക്ക കൊണ്ടുവന്ന പെട്ടി തട്ടിപ്പറിച്ച് ഓടിയെന്ന മെഡിക്കൽ കോളജ് അധികൃതർ ആരോപിക്കുന്ന പരാതിയും അന്വേഷിക്കും.